
ഡല്‍ഹി: വര്‍ഷങ്ങളായി നിയമത്തെ കബളിപ്പിച്ച് വിലസിയിരുന്ന ഡല്‍ഹിയുടെ ലേഡി ഡോണ്‍ പോലീസിന്റെ വലയില്‍. കുപ്രസിദ്ധ അധോലോക തലവൻ ഹാഷിം ബാബയുടെ ഭാര്യ കൂടിയായ സോയ ഖാനാണ് (33) പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി ഡല്‍ഹിയില്‍ അറസ്റ്റിലാവുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍നിന്നാണ് ലഹരിമരുന്ന് വിതരണത്തിനെത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തി സോയ ഖാനെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
വര്‍ഷങ്ങളായി ഡല്‍ഹി പോലീസിന് വലിയ തലവേദനയാണ് സോയ ഖാനും സംഘവും സൃഷ്ടിക്കുന്നത്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അയാളുടെ ക്രിമിനല്‍ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു. സോയയുടെ പങ്കിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരമുണ്ടായിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിരുന്നില്ല. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്ക്കെതിരെയുള്ളത്.
2017-ലാണ് സോയ ഹാഷിം ബാബയും സോയയും വിവാഹിതരാകുന്നത്. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. സോയ നേരത്തേ ഒരു വിവാഹം കഴിച്ചിരുന്നു. അയാളെ ഉപേക്ഷിച്ച ശേഷമാണ് ഹാഷിം ബാബയുമായുള്ള പ്രണയവും വിവാഹവും.
ബാബ ജയിലിലായതോടെ അധോലോക സംഘത്തിന്റെ ചുമതല സോയ ഏറ്റെടുത്തു. കള്ളക്കടത്ത്, കൊലപാതകം, തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടിരുന്നതായി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പറയുന്നു. ആഡംബര പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതില്‍ മാത്രമല്ല അവ സംഘടിപ്പിക്കുന്നതിലും മുന്നിലായിരുന്നു സോയ. വില കൂടിയ വസ്ത്രങ്ങളും ആഡംബര ബ്രാന്‍ഡുകളും മാത്രമേ ഉപയോഗിക്കൂ. സമൂഹമാധ്യമങ്ങളിലും ഇവര്‍ക്ക് ആരാധകര്‍ ഉണ്ട്. നാല് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് സഞ്ചരിച്ചിരുന്നത്.
തിഹാര്‍ ജയിയില്‍ കിടക്കുന്ന ഹാഷിം ബാബയെ കാണാന്‍ സോയ ഇടയ്ക്കിടെ എത്താറുണ്ട്. ജിം ഉടമയായിരുന്ന നാദിര്‍ഷയുടെ കൊലപാതകികള്‍ക്ക് അഭയം നല്‍കിയത് സോയയാണെന്ന് പോലീസ് സംശയിക്കുന്നു. 2024 സെപ്തംബറിലായിരുന്നു നാദിര്‍ഷായെ ഒരു സംഘം വെടിവെച്ചു കൊല്ലുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സോയയെ പോലീസ് നേരത്തേ ചോദ്യം ചെയ്തിട്ടുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് സോയ. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് സ്ത്രീകളെ കടത്തുന്ന ഒരു സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ സോയയുടെ മാതാവിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് പിതാവ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കുടുംബം പ്രവര്‍ത്തിക്കുന്നത്.