
ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാകാനുള്ള കാരണവും അപകടത്തിലേക്ക് നയിച്ച പ്രധാന കാരണവും കണ്ടെത്താനാണ് അന്വേഷണം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും റെയില്‍വേ അറിയിച്ചു.
യാത്രക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള ട്രെയിനുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലെത്തിയെന്നും റെയില്‍വെയുടെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ അറിയിച്ചു.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അസാധാരണമായ തിരക്കാണ് ഉണ്ടായത്. അതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ നാല് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പിന്നീട് റെയില്‍വേ സ്റ്റേഷനിലേക്ക് ആളുകള്‍ എത്തുന്നത് തടയേണ്ടി വന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ദിലീപ് കുമാര്‍ പറഞ്ഞു
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഡല്‍ഹിയെ നടുക്കിയ അപകടമുണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്.കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു.
ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി, തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്ത് വന്നു. സര്‍ക്കാര്‍ എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അപകടത്തില്‍ മരിച്ചവരുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര ഖാര്‍ഗെ ആവശ്യപ്പെട്ടു. പരിക്കേറ്റവരേക്കുറിച്ചും കാണാതായവരേക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.