തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകളോട് അഫിലയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അനുവദനീയമായ സീറ്റുകളുടെ എണ്ണം കൂട്ടി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപനത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്നതിനുളള സാധ്യത കുറവായതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലും ഡിഗ്രി പി.ജി കോഴ്സുകളുടെ സീറ്റ് കൂട്ടും.
ഇതിനായി ബിരുദ കോഴ്സുകളില്‍ പരമാവധി 70 സീറ്റുവരെ വര്‍ധിപ്പിക്കാവുന്നതാണ്. സയന്‍സ് വിഷയങ്ങള്‍ക്ക് പരമാവധി 25 സീറ്റുകള്‍ എന്ന രീതിയിലും ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങള്‍ക്ക് പരമാവധി സ30 സീറ്റുകള്‍എന്നരീതിയിലും ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് വര്‍ധനവ് നല്‍കാവുന്നതാണ്.
ഏതെങ്കിലും പ്രോഗ്രാമില്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നിലവില്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് തുടര്‍ന്നും ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട കോളജുകള്‍ക്ക് അധിക സീറ്റ് വേണമോ എന്ന് തീരുമാനിക്കാവുന്നതാണ്., സര്‍വകലാശാലകള്‍ എത്രയും പെട്ടെന്നു തന്നെ കോളജുകളുടെ സൗകര്യം അനുസരിച്ച് നിലവിലുള്ള നിയമപ്രകാരവും സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാകാത്ത തരത്തിലും അധിക സീറ്റുകള്‍ ഈ അക്കാദമിക വര്‍ഷം തന്നെ അനുവദിക്കുകയും ഇത് ഈ വര്‍ഷത്തെ അലോട്ട്മെന്റില്‍ പ്രവേശനത്തിനായി ഉള്‍പ്പെടുത്തേണ്ടതുമാണെന്നും എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍മാര്‍ക്കുമായി നല്‍കിയിട്ടുള്ള ഉത്തരവില്‍ പറയുന്നു.