തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ (പിസിബി) കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ജെ. ജോസ്മോന്‍ തിരികെ സര്‍ക്കാര്‍ സര്‍വീസില്‍. ആദ്യം കോഴിക്കോട് തിരികെ ജോലിയില്‍ കയറിയ ബോര്‍ഡിലെ സീനിയര്‍ എന്‍ജിനീയറായ ജെ. ജോസ്മോന് പിന്നീട് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കി. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.
എന്നാല്‍,ജോസ്മോനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. റബര്‍ ട്രേഡിംഗ് കമ്പിനി ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. സ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയില്‍ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ കൊല്ലത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ കോടികളുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു. ബാങ്കില്‍ ഒന്നര കോടിയുടെ നിക്ഷേപത്തിന് പുറമേ വാഗമണ്ണില്‍ റിസോര്‍ട്ടും ആഡംബര വീടും രണ്ടു ഫ്‌ലാറ്റും ഉള്‍പ്പെടുന്ന ഭൂസ്വത്തിന്റെ രേഖകളും കണ്ടെടുത്തു. കോട്ടയം ജില്ലാ ഓഫീസറായിരുന്ന ജെ. ജോസ്‌മോന്‍ തിരുവനന്തപുരത്ത് സീനിയര്‍ എന്‍ജിനീയറായിരിക്കെയായിരുന്നു പരിശോധന നടന്നത്. കോട്ടയത്ത് ജോലി ചെയ്യവേ പാലായിലെ വ്യവസായിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ജോസ്‌മോന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.
വീട്ടിലെ അലമാരയില്‍ നിന്ന് ഒന്നരലക്ഷം രൂപ കണ്ടെടുത്തു. ഇതോടൊപ്പം ഒരു ലക്ഷത്തിലേറെ മൂല്യമുള്ള ഡോളര്‍, ദിര്‍ഹം, റിയാല്‍ ഉള്‍പ്പെടെ വിദേശ കറന്‍സികളും കണ്ടെത്തി. 40 പവന്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നു 72 പവന്‍ ലോക്കറിലും ഉണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തിയിരുന്നു. പത്തിലേറെ കമ്പനികളുടെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് 17 ലക്ഷത്തിലധികം രൂപ. ഇതുകൂടാതെ എയര്‍പോര്‍ട്ട്, സ്വകാര്യ ആശുപത്രി എന്നിവയുടെ 47,000 ഷെയറുകള്‍. കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്തും കണ്ടെത്തി.