EntertainmentNationalNews

ദീപിക പദുകോണ്‍ ലോകകപ്പ് വേദിയിലെത്തിയത് സംഘാടകര്‍ ക്ഷണിച്ചിട്ടോ,ചൂടുപിടിച്ച ചര്‍ച്ചകള്‍

ദോഹ: ദീപിക പാദുക്കോണ്‍ ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത് കഴിഞ്ഞ ദിവസം മുതല്‍ വലിയ വാര്‍ത്തയായിരുന്നു. ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ദീപിക നായികയായി എത്തുന്ന ചിത്രം പഠാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന വിവാദങ്ങളുടെ പാശ്ചത്താലത്തില്‍ ദീപികയുടെ ഒരു ആഗോള വേദിയിലെ സാന്നിധ്യം ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി ഇന്ത്യയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു. പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു. 

ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 

‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അഭിനന്ദന പ്രവാഹങ്ങൾ ഒരുഭാ​ഗത്ത് നടക്കുമ്പോൾ, താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ‘എന്തുകൊണ്ടാണ് ദീപിക പദുക്കോണിൻ ഇവിടെ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്??സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ??’ എന്ന് ചോദിച്ച്  ചിലര്‍ രം​ഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഖത്തറിന്‍റെ ക്ഷണമായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ശരിക്കും ദീപിക എങ്ങനെയാണ് ലോകകപ്പ് അനാവരണ ചടങ്ങില്‍ മുഖ്യപങ്കാളിയായി എത്തിയത്. 

കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ്  ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടുപേരാണ് ഈ പരിപാടിയില്‍ ഉണ്ടാകുക. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസിഡര്‍. 

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിലെ ഇന്നലത്തെ പരിപാടിയില്‍ ദീപികയ്ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്പെയിന്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍. ദീപികയാണെങ്കില്‍ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത  ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറാണ്. 

കാലാകാലങ്ങളായി ഇതാണ് ഫിഫയുടെ പതിവ് റഷ്യയില്‍ 2018 ല്‍ ഇത് നടത്തിയത് 2014 ല്‍ ജര്‍മ്മനി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ഫിലിപ്പ് ലാമ്പും. സൂപ്പര്‍ മോഡലായ നതാലിയ വോഡിയാനോവയും ചേര്‍ന്നാണ്. ആ സമയത്ത് ലൂയിസ് വ്യൂട്ടൺ  അംബാസിഡര്‍ ആയിരുന്നു  നതാലിയ വോഡിയാനോവ. ഇത്തവണ അത് ദീപികയായി. ലൂയിസ് വ്യൂട്ടൺ ട്വിറ്റര്‍ പേജില്‍ അടക്കം ചടങ്ങിന്‍റെ ഫോട്ടോയുണ്ട്. ലൂയിസ് വ്യൂട്ടൺ ബാഗിന്‍റെ ഡിസൈന്‍ വേഷത്തിലാണ് ചടങ്ങില്‍ ദീപിക ധരിച്ചിരിക്കുന്നത്. ആഗോള ബ്രാന്‍റായ ലൂയിസ് വ്യൂട്ടണ്‍ന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബ്രാന്‍റ് അംബാസിഡറാണ് ദീപിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker