KeralaNews

ദീപക് ധര്‍മ്മടത്തിന്റെ ഒറ്റവിളിയില്‍ ഫോണെടുക്കുന്ന വിജയേട്ടനും ബാലേട്ടനും’ മറനീക്കി പുറത്തു വരുന്ന ‘ധർമ്മടം’ ബന്ധങ്ങൾ

കൊച്ചി:മാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മ്മടം എക്കാലവും വിവാദനായകനായിരുന്നു. ഉന്നത ബന്ധത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നും ആളായിരുന്ന ദീപക് നാലാള്‍കൂടുന്നിടത്തൊക്കെ തന്റെ വലുപ്പം കാണിക്കാന്‍ നേതാക്കളെ വിളിക്കുന്നതും അവരുടെ കുടുംബ ചരിത്രം പറയുന്നതും പതിവായിരുന്നു.

പിണറായി വിജയനെ വിജയേട്ടനെന്നും അദ്ദേഹത്തിന്റെ ഭാര്യയെ കമലേടത്തിയെന്നുമാണ് വിളിക്കുന്നതെന്നായിരുന്നു ദീപക് പറഞ്ഞിരുന്നത്. കോടിയേരി ബാലകൃഷ്ണനെ ദീപക് വിളിച്ചിതിരുന്നത് ബാലേട്ടനെന്നായിരുന്നത്രെ. പലപ്പോഴും ഈ ‘വിളികളൊക്കെ’ രഹസ്യമായിട്ടല്ല ദീപക് നടത്തിയിരുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളിലൊക്കെ ദീപകിന്റെ പ്രധാന പരിപാടി നേതാക്കളുമായുള്ള തന്റെ ഈ ബന്ധം അറിയിക്കലായിരുന്നു. ഇവരുമായി ദീപക് ധര്‍മ്മടം പങ്കിട്ട സ്വകാര്യ നിമിഷങ്ങളൊക്കെ അവതരിപ്പിച്ചു കാണിക്കുന്നത് ഇദ്ദേഹത്തിന്റെ രീതിയായിരുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ദീപകിന് ബന്ധങ്ങളുണ്ടായിരുന്നു. ഇതിന് ബിജെപിയെന്നൊ, കോണ്‍ഗ്രസെന്നോ വ്യത്യാസമില്ലായിരുന്നു. ദീപക് ആദ്യമായി ജോലി ചെയ്ത ജന്മഭൂമിയില്‍ അദ്ദേഹം എത്തിയത് അദ്ദേഹം മുകുന്ദേട്ടനെന്ന് വിളിക്കുന്ന പിപി മുകുന്ദന്റെ ശുപാര്‍ശയിലായിരുന്നു.

അതിനു ശേഷം അമൃത ടിവിയില്‍ എത്തിയതോടെ ദീപകിന്റെ ബന്ധങ്ങള്‍ വളര്‍ന്നു. അമൃതാനന്ദമയി മഠത്തിലെ സ്വാധീനം കൂടി ഉണ്ടായതോടെ ദീപകിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് തന്നെ തിരുത്തിയെന്ന ആരോപണം നേരിടുന്ന ആളാണ് ദീപക്.

അമൃത ടിവിയില്‍ വച്ച് പ്രതിരോധ വകുപ്പിന്റെ ഒരു കോഴ്‌സില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപക് ധര്‍മ്മടത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ കേസ് ഇല്ലാതാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്. അമൃത ടിവിയിലെ ബന്ധങ്ങളിലൂടെ രാഷ്ട്രീയ- സാമൂഹ്യ -സാംസ്‌ക്കാരിക- വ്യവസായ രംഗത്തെ പ്രമുഖരുമായി ദീപക് ചങ്ങാത്തമുണ്ടാക്കി.

അങ്ങനെയാണ് ദീപകിന് ഗോകുലം ഗോപാലനുമായി അടുത്ത ബന്ധം ഉണ്ടാകുന്നത്. ഇത് 24 ന്യൂസിന്റെ ന്യൂസ് എഡിറ്ററാകാന്‍ ദീപകിന് സഹായകരമായി. ഇപ്പോള്‍ മലബാര്‍ റീജിയന്റെ തലവനാണ് ദീപക്.

ഇനി മുട്ടില്‍ വിഷയത്തില്‍ ദീപകിനെതിരെ കോണ്‍ഗ്രസ് രംഗത്തു വരാത്തതും ദീപകിന്റെ ചില കോണ്‍ഗ്രസ് ബന്ധങ്ങളുടെ പേരിലാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ടു സുപ്രധാന പദവികളിലാണ് ദീപകിനെ പ്രതിഷ്ഠിച്ചത്. അന്നത്തെ ഗ്രാമവികസന-പിആര്‍ഡി മന്ത്രി കെസി ജോസഫ് പ്രത്യേക താല്‍പര്യമെടുത്തായിരുന്നു ദീപകിനെ നിയമിച്ചത്.

കേരളാ മീഡിയാ അക്കാഡമിയുടെ ഭരണസമിതിയിലും പ്രസ് അക്രഡിറ്റേഷന്‍ കമ്മറ്റിയിലുമായിരുന്നു ഒരേ സമയം ദീപകിനെ നിയമിച്ചത്. അന്നു ഈ പദവികളിലേക്ക് കോണ്‍ഗ്രസ് അനുകൂലികളായ നിരവധി മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് കെസി ജോസഫ് ദീപക് ധര്‍മ്മടത്തെ കൊണ്ടുവന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂലികളായ മാധ്യമ പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധം അന്നു ഉയര്‍ന്നെങ്കിലും ദീപകിന്റെ സ്വാധീനം അതിനൊന്നും പ്രതിബന്ധമായില്ല.അന്നു ഗ്രാമവികസന വകുപ്പിലെ പല കാര്യങ്ങളിലും ദീപക് ഇടപെട്ടതായി ആരോപണമുണ്ട്. എല്ലാ രാഷ്ട്രീയക്കാരെയും കയ്യിലെടുത്തു നടക്കുന്ന ദീപക് ഇപ്പോള്‍ മുട്ടില്‍ മരം മുറി കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് വിവാദങ്ങളില്‍ അകപ്പെടുന്നത്.

മരംമുറി വിവാദം പുറത്തുവന്ന ശേഷം പ്രതികളുടെ ഫോണിലേയ്ക്ക് നിരവധി തവണ ഇദ്ദേഹം ആവര്‍ത്തിച്ചു വിളിച്ചുവെന്നാണ് ഫോണ്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

എന്തായാലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ദീപകിന്‍റെ സൌഹൃദ വലയത്തില്‍ അകപ്പെടാത്തതിനാലാകാം ഈ വനം കൊള്ളയില്‍ ഇയാള്‍ക്കുള്ള പങ്കും കഴിഞ്ഞ ദിവസം പരസ്യമായി . എന്നാല്‍ കേസിലും മുന്‍കാലത്തേതുപോലെ സമാനമായ രീതിയില്‍ രക്ഷപെടാനാണ് സാധ്യത

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker