KeralaNews

ചര്‍ച്ചയ്‌ക്കെത്താതെ അവഹേളിച്ചു; കോട്ടയം കളക്ടര്‍ക്കെതിരെ എം.ജി ഗവേഷക വിദ്യാര്‍ഥിനി

കോട്ടയം: ചര്‍ച്ചയ്‌ക്കെത്താതെ കോട്ടയം കളക്ടര്‍ അവഹേളിച്ചെന്ന് എംജി സര്‍വകാലശാലയിലെ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥി ദീപ പി. മോഹനന്‍. ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചിട്ടു പോലും കളക്ടര്‍ തിരിഞ്ഞു നോക്കിയില്ല. സര്‍വകലാശാലയില്‍ നേരിട്ടെത്തി ചര്‍ച്ച നടത്താമെന്ന തഹസീല്‍ദാരുടെ ഉറപ്പ് പാലിച്ചില്ലെന്നും ദീപ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപയുടെ ആരോപണം.

കോട്ടയം കളക്ടറുടെ സമീപനം നിരുത്തരവാദിത്തപരവും അവഹേളിക്കുന്ന തരത്തിലുമാണെന്ന് ദീപ പറയുന്നു. ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് മെഡിക്കല്‍ സഹായം സ്വീകരിച്ചത് കളക്ടര്‍ നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്മേലാണ്.

എന്നാല്‍ പിറ്റേന്ന് കളക്ടര്‍ സര്‍വകലാശാലയില്‍ എത്തിയില്ല. മാത്രമല്ല രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു. അങ്ങനെ താന്‍ ഒപ്പിട്ട പരാതി ഡ്രാഫ്റ്റ് ചെയ്ത് സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ചെയ്തു. എന്നിട്ടും കളക്ടര്‍ സര്‍വകലാശാലയില്‍ എത്തിയില്ല. തുടര്‍ന്ന് തന്നോട് കളക്ട്രേറ്റിലേക്ക് ചര്‍ച്ചക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത്. ജീവന്‍ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. വെള്ളിയാഴ്ച കളക്ട്രേറ്റില്‍ നടന്നത് ഏകപക്ഷീയ ചര്‍ച്ചയാണെന്നും ദീപ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button