പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി തങ്ങളാഗ്രഹിക്കുന്നതു പോലെ സംസാരിക്കമെന്ന് പറയുന്നത് ഫാസിസമാണ്; ദീപ നിശാന്ത്
തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച അയിഷ റെന്നയെന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിന്നു. വിവാദ സംഭവങ്ങളെ തുടര്‍ന്ന് അയിഷ റെന്ന മാപ്പ് പറയണമെന്ന ആവശ്യവും ശക്തമായിരിന്നു. എന്നാലിപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്കു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ദീപനിശാന്ത്. പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസമാണന്ന് ദീപ നിശാന്ത് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ രാജ്യത്ത് ആരും വിമര്‍ശനാതീതരല്ലെന്നും അതിപ്പോ പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും എന്നും ദീപ വ്യക്തമാക്കി.തര്‍ക്കങ്ങള്‍ക്കിടയില്‍ പൗരത്വഭേദഗതി നിയമമാണ് വിഷയം എന്ന കാര്യം മുങ്ങിപ്പോകരുതെന്നും ദീപാ നിശാന്ത് കുറിക്കുന്നു.
ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ കലാപകാരികള്‍ക്ക് വേണ്ടി പോലീസിനോട് തട്ടിക്കയറുന്ന അയിഷ റെന്നയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടിക്കായി അയിഷ റെന്നയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങിനെത്തി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതോടെ സംഘാടകര്‍ തന്നെ എതിര്‍പ്പുമായി എത്തിയത് വിവാദമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.
തർക്കങ്ങൾക്കിടയിൽ വിഷയം വിടരുത്.
പൗരത്വഭേദഗതിനിയമമാണ് വിഷയം!
അത് മുങ്ങിപ്പോകരുത്..