നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കമെന്ന് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് ഉത്തരവുമായി ഡല്‍ഹി കോടതി. പ്രതികളുടെ ഹര്‍ജികളൊന്നും മറ്റ് കോടതികളുടെ പരിഗണനയില്‍ ഇല്ലെന്ന സ്ഥിതി വന്നതോടെയാണ് വീണ്ടും മരണവാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്. കേസിലെ മൂന്നാമത്തെ മരണവാറണ്ടാണിത്. പ്രതികള്‍ ദയാഹര്‍ജിയും മറ്റ് നിയമനടപടികളിലേക്കും പോയതോടെയാണ് ആദ്യത്തെ രണ്ടു മരണവാറണ്ടുകളും അസാധുവായത്. മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ ആറിന് ശിക്ഷ നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
എന്നാല്‍ പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത ഇനിയും ദയാഹര്‍ജി രാഷ്ട്രപതിക്ക് നല്‍കാനുണ്ട്. ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ ഇയാള്‍ സമീപിക്കുന്നതോടെ മൂന്നാമത്തെ മരണവാറണ്ടും അസാധുവാകാനാണ് സാധ്യത. അതിനാല്‍ മാര്‍ച്ച് മൂന്നിന് ശിക്ഷ നടപ്പാക്കാന്‍ സാങ്കേതിക തടസമുണ്ടാകും. അതിനിടെ പ്രതികളില്‍ ഒരാളുടെ അമ്മ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. മകനെ വധശിക്ഷയില്‍ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ കോടതിയില്‍ എത്തിയത്. എന്നാല്‍ കോടതി ഈ ആവശ്യം ചെവിക്കൊണ്ടില്ല.