മുണ്ടക്കയം:കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം ആറായി.നാല് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്.
കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടെ മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. ഒരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചിരുന്നു.
ശക്തമായ മലവെള്ളപാച്ചില്ലിൽ കൂട്ടിക്കല്ലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാകെ.ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്.
വീടിന് മുകൾഭാഗത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാർ നൽകുന്ന വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പറായിരുന്നു മാർട്ടിൻ.അച്ഛൻ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
ദുരന്തനിവാരണസേനയ്ക്കോ അഗ്നിശമന സേനയ്ക്കോ പ്ലാപ്പള്ളിയിൽ എത്താൻ സാധിച്ചിട്ടില്ല.പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്.കൂട്ടിക്കലിലിനു പുറമേ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും ഒറ്റപ്പെട്ട നിലയിലാണ്. കൂട്ടിക്കലിലേക്ക് കരസേന പുറപ്പെട്ടു. 35 സൈനികർ ഉൾപ്പെടുന്ന സംഘമാണ് കോട്ടയത്തേയ്ക്ക് തിരിച്ചത്. ഇവർ കോട്ടയത്ത് എത്തിയശേഷം കൂട്ടിക്കലിലേക്ക് പുറപ്പെടും.വ്യോമസേനയും സജ്ജമായി. എം17, സാരംഗ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുക. കോട്ടയം ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടിയിരുന്നു.
അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ പലഭാഗങ്ങളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവടങ്ങളിൽ വലിയ തോതിൽ വെള്ളംപൊങ്ങി. അതിരാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടുകയും ജനങ്ങളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പ്രളയസമാനമായി വെള്ളം ഉയർന്നു. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ 10 പേരെ കാണാതായെന്നാണ് വിവരം. കാണാതായ ആറുപേരിൽ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
കോട്ടയം-ഇടുക്കി അതിർത്തിയിലെ പെരുവന്താനത്തിന് സമീപം പുല്ലുപാറ, വളഞ്ഞങ്ങാനം, കൊടികുത്തി എന്നിവിടങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ട്. പുല്ലുപാറ ജങ്ഷനിലെ മണ്ണിടിച്ചിൽ കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സ്വകാര്യ ബസ്സുകളും കെഎസ്ആർടിസി ബസ്സും കാറുകളും അടക്കം വഴിയിൽ കുടുങ്ങി.ബസ് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. മണ്ണുംവെള്ളവും കുത്തിയൊഴുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമാനമായാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. നിരവധി വാഹനങ്ങളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകുകയാണ്. മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് അതിവേഗത്തിൽ ഉയരുകയാണ്. മണിമലയാറ്റിൽ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിലെത്തി. മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുന്നുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുൾപൊട്ടിയതായി റിപ്പോർട്ടുണ്ട്. അതേസമയം മന്നം ഭാഗത്ത് ആൾത്താമസം ഇല്ലാത്ത വീട് ഉരുൾ വെള്ളത്തിൽ ഒലിച്ചുപോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾപൊട്ടി പന്നി ഫാം ഒലിച്ചു പോയതായും റിപ്പോർട്ടുണ്ട്. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇളംകാട് പ്രദേശതത്തും ഉരുൾ പൊട്ടിയെന്നാണ് വിവരം.
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഐ.എ.എ.എസ്. അറിയിച്ചു.
കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.
കോട്ടയം കാഞ്ഞിരപ്പള്ളി നഗരത്തിൽ വൻ വെള്ളപ്പൊക്കമാണുണ്ടായത്. ടൗണിലെ കടകളിൽ എല്ലാം വെള്ളംകയറി. ഉച്ചയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ടൗണിൽ ഗതാഗത തടസ്സം നേരിട്ടു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 26 മൈൽ, ആനക്കല്ല്, കുരിശുങ്കൽ മണിമല റോഡ്, കാഞ്ഞിരപ്പള്ളി- എറികാട് റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ചിറക്കടവ് മണിമല റോഡിൽ ചിറക്കടവ് ക്ഷേത്രത്തിന് സമീപവും കാഞ്ഞിരപ്പള്ളി മണിമല റോഡിൽ മണം പ്ലാവ് പള്ളിക്ക് സമീപവും റോഡിൽ വെള്ളം കയറി.
പോലീസിനും ഫയർഫോഴ്സിനും എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. കോട്ടയം കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി കളക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയിട്ടുള്ളത്