ജയ്പൂര്‍: കൈക്കൂലി വാങ്ങിയ രാജസ്ഥാന്‍ ഡിസിപി ഭൈരുലാല്‍ മീണ പിടിയില്‍. ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ(ഡിടിഒ) പക്കല്‍ നിന്നും 80,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭൈരുലാല്‍ മീണ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) യുടെ പിടിയിലായത്. പൊതുവേദിയില്‍ അഴിമതിക്കെതിരെ പ്രസംഗിച്ച് ഒരു മണിക്കൂര്‍ തികയും മുന്‍പാണ് ഡിസിപി പിടിയിലായത്.
ഡിടിഒ മുകേഷ് ചന്ദില്‍ നിന്നും ഭൈരുലാല്‍ മീണ എല്ലാ മാസവും കൈക്കൂലിയായി ഒരു തുക കൈപ്പറ്റി വരികയായിരുന്നു എന്ന് രാജസ്ഥാനില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ബി.എല്‍ സോണി പറഞ്ഞു. കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമായതിനാല്‍ മുകേഷ് ചന്ദിനെയും എസിബി കസ്റ്റഡിയില്‍ എടുത്തു.അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 9ന് ഭൈരുലാല്‍ മീണ അഴിമതി വിരുദ്ധ പ്രസംഗം നടത്തിയിരുന്നു.
അഴിമതി ക്രിമിനല്‍ കുറ്റമാണെന്നായിരുന്നു ഡിസിപിയുടെ പരാമര്‍ശം. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുജനങ്ങള്‍ പരാതി നല്‍കണമെന്നും ഇതിനായി 1064 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.