KeralaNews

മകൾക്ക് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രത്തിൻ്റെ പേരിട്ടു, പാസ്പോർട്ട് നിഷേധിച്ച് അധികൃതർ, കാരണം

വാഷിംഗ്ടണ്‍:മക്കൾക്കായി പേരു തിരഞ്ഞെടുക്കുന്നത് എല്ലാ മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും കൗതുകവും നിറഞ്ഞ കാര്യമാണ്. പലരും തങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികളുടെയും സിനിമ അല്ലെങ്കിൽ വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെയും ഒക്കെ പേരുകൾ മക്കൾക്കായി തിരഞ്ഞെടുക്കുന്നതും സാധാരണമാണ്. പക്ഷേ, ഇത്തരത്തിൽ ഒരു യുവതി തൻറെ മകൾക്കായി തിരഞ്ഞെടുത്ത പേര് സൃഷ്ടിച്ച പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. പേരു കാരണം മകൾക്ക് അധികൃതർ പാസ്പോർട്ട് നിഷേധിച്ചതോടെയാണ് സംഗതിയുടെ ഗൗരവം അവർക്ക് പിടികിട്ടിയത് തന്നെ.

ബിബിസി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ലൂസി എന്ന യുവതിയാണ് തൻറെ മകൾക്ക് ഗെയിം ഓഫ് ത്രോൺസ് (GoT) കഥാപാത്രമായ ഖലീസിയുടെ പേര് നൽകിയത്. പക്ഷേ, പാരീസിലേക്ക് നടത്താനിരുന്ന ഒരു യാത്രയ്ക്കായി മകളുടെ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. അധികൃതർ അത് നിഷേധിച്ചു. കാരണം ചോദിച്ച ലൂസിക്ക് അധികൃതർ നൽകിയ മറുപടി പേരിൻറെ ട്രേഡ് മാർക്ക് ഉടമയായ വാർണർ ബ്രദേഴ്സിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആ പേരിൽ പാസ്പോർട്ട് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു.

ഉദ്യോഗസ്ഥരുടെ മറുപടിയിൽ 39 -കാരിയായ അമ്മ ആദ്യം ഒന്ന് ആശയക്കുഴപ്പത്തിൽ ആയെങ്കിലും വിഷയത്തിൽ വിദഗ്ധ നിയമോപദേശം തേടാൻ തീരുമാനിച്ചു. ഏതായാലും, നിയമ വിദഗ്ധർ നൽകിയ മറുപടി യുവതിക്ക് ആശ്വാസം പകരുന്നത് ആയിരുന്നു. കാരണം ട്രേഡ് മാർക്കിൽ ഗെയിം ഓഫ് ത്രോൺസ് ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രമേ ഉൾപ്പെടുകയുള്ളൂ എന്നും വ്യക്തികളുടെ പേരുകൾ ഉൾപ്പെടില്ലെന്നും വ്യക്തമായി. 

പേര് വാർണർ ബ്രദേഴ്‌സ് ട്രേഡ് മാർക്ക് ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് പാസ്‌പോർട്ട് ഓഫീസിൽ നിന്ന് തനിക്ക് കത്ത് വന്നപ്പോൾ താൻ തീർത്തും തകർന്നു പോയെന്നാണ് ലൂസി പറയുന്നത്. കാരണം മകളോടൊപ്പം ഉള്ള  ആദ്യ അവധിക്കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ആയിരുന്നുവത്രേ ഇത്തരത്തിൽ ഒരു വാർത്ത തേടിയെത്തിയത്.

പേര് ട്രേഡ് മാർക്ക് ചെയ്തിട്ടില്ലെന്ന നിയമ വിദഗ്ധരുടെ നിഗമനം തനിക്ക് ആശ്വാസം നൽകി എന്നും ലൂസി കൂട്ടിച്ചേർത്തു. അബദ്ധം തിരിച്ചറിഞ്ഞതോടെ പാസ്‌പോർട്ട് അധികൃതർ പിഴവിന് ക്ഷമാപണം നടത്തി. ഖലീസിയുടെ പാസ്‌പോർട്ട് ഉടൻ ലഭ്യമാകുമെന്നും അധികൃതർ ഉറപ്പു നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker