33.4 C
Kottayam
Sunday, May 5, 2024

വിവാഹശേഷവും കാമുകനുമായുള്ള ബന്ധം തുടർന്നു, എതിർത്ത പിതാവിനെ വകവരുത്തി,ആലപ്പുഴയിൽ മധ്യവയസ്കൻ്റെ കൊലപാതകത്തിൽ മകളും കാമുകനുമടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

Must read

ആലപ്പുഴ:അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ശിക്ഷ 31ന് വിധിക്കും. ചാരുംമൂട് ചുനക്കര ലീലാലയത്തില്‍ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസില്‍ കായംകുളം കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത് റിയാസ് (37), സുഹൃത്ത് നൂറനാട് പഴനിയൂര്‍കോണം രതീഷ് ഭവനത്തില്‍ രതീഷ് (38), റിയാസിന്റെ കാമുകിയും കൊല്ലപ്പെട്ട ശശിധരപ്പണിക്കരുടെ മൂത്ത മകളുമായ ശ്രീജമോള്‍ (36) എന്നിവരെയാണ് കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കണ്ടെത്തിയത്.

2013 ഫെബ്രുവരി 23നായിരുന്നു കൊലപാതകം. റിയാസ് ശ്രീജമോളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ജോലി തേടി വിദേശത്ത് പോയതോടെ വിവാഹം കഴിക്കാനായില്ല. ശ്രീജമോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭര്‍ത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കര്‍ അത് എതിര്‍ത്തതോടെ വീട്ടില്‍ വഴക്ക് പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്

അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും അദ്ദേഹം ഛര്‍ദിച്ചതോടെ മരിക്കില്ലെന്ന് മനസ്സിലായി. ഇതോടെ റിയാസും രതീഷും ചേര്‍ന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേല്‍പ്പിച്ചശേഷം തോര്‍ത്ത് ഉപയോഗിച്ചു ശ്വാസം മുട്ടിച്ച്‌ സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

മരണത്തില്‍ സംശയമില്ലെന്നായിരുന്നു അടുത്ത ബന്ധുക്കളടക്കം മൊഴി നല്‍കിയത്. എന്നാല്‍ കേസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിന് സഹായകമായത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week