ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ മൂന്ന് മരണം, കനത്ത മഴ തുടരുന്നു; വിമാനത്താവളം തുറന്നു
ചെന്നൈ:ഫിൻജാൽ ചുഴലിക്കാറ്റ് ഭീതിയിൽ അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. വിമാനത്താവളം ഞായറാഴ്ച പുലർച്ചെ നാലുമണി വരെ അടച്ചിടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ തമിഴ്‌നാട് തീരം കടന്ന ഫെഞ്ചൽ ചുഴലിക്കാറ്റ് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ കരയിൽ പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒരുക്കങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്. അതേസമയം തമിഴ്നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന വേലിയേറ്റവും കനത്ത മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഈ പ്രദേശത്ത് അനുഭവപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു.
ചുഴലിക്കാറ്റിന്റെ മുന്നോടിയായി ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ്. ചെന്നൈയില്‍ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതില്‍ത്തന്നെ റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. മണ്ണിടിച്ചലിനടക്കമുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശനിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലെ ആറുകേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേര്‍ കഴിയുന്നുണ്ട്. ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണ്.