ഒമാൻ: അറബിക്കടലില്‍ രൂപംകൊണ്ട ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് ഒമാനെലെത്തിയേക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത തിങ്കളാഴ്ച ആയിരിക്കും ചുഴലിക്കാറ്റ് ഒമാനെലെത്തുക. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, മസ്‌കത്ത്, അല്‍ വുസ്ത, എന്നീ ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യം മനസ്സിലാക്കി ആവശ്യമായ മുന്നറിയിപ്പ് നൽകും. ഇന്ന് വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാതെ സുല്‍ത്താനേറ്റിന്റെ തീരത്തുവഴി കാറ്റ് നീങ്ങാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് നീങ്ങുന്നത് ആണ് ഇപ്പോൾ സംഭവിക്കുന്നത്. സുല്‍ത്താനേറ്റിന്റെ തീരത്ത് നിന്ന് 1,133 കിലോമീറ്റര്‍ അകലെയാണ് ഇതിന്റെ കേന്ദ്രം.
ഇന്നലെ വരെ ചുഴലിക്കാറ്റിന്റെ ദിശയില്‍ വലിയ ചാഞ്ചാട്ടമാണ് കാണിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്റെ പാതയെങ്കിൽ ഒമാന്റെ തീരങ്ങളില്‍ നേരിട്ടുള്ള ആഘാതം ഉണ്ടാകും. ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെയോ ആയിരിക്കും ഇത് സംഭവിക്കുക. കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ഖദൂരി ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്.
ചുഴിലക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സിംസ്റ്റം അടിയന്തര യോഗം ചേർന്നിരുന്നു. ഇവർ സാഹചര്യങ്ങൾ വിലയിരുത്തി. സുരക്ഷാ വിഭാഗങ്ങള്‍ എല്ലാം കാര്യങ്ങൾ വിലയിരുത്തി പഠിച്ചു വരുകയാണ്.
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ട്.
അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്കും ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.