തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തതിലാണ് കേസ്. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് അന്വേഷണം നടത്തുക.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എന്‍.ഐ.എയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. മതഗ്രന്ഥങ്ങള്‍ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടന്‍ നോട്ടീസ് നല്‍കും. മന്ത്രിയെ കൂടാതെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.
ഡിപ്ലോമാറ്റിക് ചാനല്‍ വഴി വരുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കയതില്‍ നിയമലംഘനമുണ്ടെന്നുമാണ് കസ്റ്റംസ് കണ്ടെത്തല്‍. അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ യുഎഇ എംബസി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ എത്തി പരിശോധന നടത്തിയതായും വിവരമുണ്ട്.