തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് നടപടി ആരംഭിച്ചു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ നിലനില്‍ക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിക്കായി കസ്റ്റംസ് കത്ത് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിയിരിക്കുന്നത്. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.
അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം ഉള്‍പ്പെട്ട ബഗേജ് എത്തിയത്. ഭക്ഷ്യ വസ്തുക്കള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ പറയുന്നത്. സ്വര്‍ണം കൊണ്ടു വന്നതില്‍ ബന്ധമില്ലെന്നാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാന്‍ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. വ്യക്തത വരുത്താനാണ് അറ്റാഷെയില്‍ നിന്ന് വിശദാംശങ്ങള്‍ ചേദിച്ചറിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, കേസില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായി കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റില്‍ വരുന്ന ചില പാഴ്സലുകള്‍ എടുത്തിരുന്നത് സരിത്താണെന്നാണ് കണ്ടെത്തല്‍. കോണ്‍സുലേറ്റിലെത്തുന്ന പാഴ്സലിന് പണം അടയ്ക്കേണ്ടത് കോണ്‍സുലേറ്റ് തന്നെയാണ്. എന്നാല്‍ ഈ ചട്ടം മറികടന്ന് ചില പാര്‍സലിന്റെ പണമടയ്ക്കുന്നത് സരിത്താണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍സല്‍ കൊണ്ടുപോകുന്നത് സരിത്തിന്റെ വാഹനത്തില്‍ തന്നെയാണ്. കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടു പോകണമെന്ന നിയമം മറികടന്നാണ് ഈ ഇടപെടല്‍.