31.1 C
Kottayam
Friday, May 17, 2024

മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,കസ്റ്റഡി മര്‍ദ്ദനമെന്ന് ബന്ധുക്കള്‍

Must read

കോഴിക്കോട്: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തുന്നത്. പുതുച്ചോല മാവാടി വീട്ടില്‍ അജേഷ് (35) ആണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഐ.സി.യു.വില്‍ ചികിത്സയിലുള്ളത്. ബാറ്ററി മോഷണക്കേസിലാണ് അജേഷ് അറസ്റ്റിലായത്.

കഴിഞ്ഞ എട്ടാം തീയതിയാണ് അജേഷിനെ മീനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് സബ് ജയിലിലേക്ക് മാറ്റിയെങ്കിലും അവശനിലയിലായതിനെ തുടര്‍ന്ന് പിറ്റേന്നു തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൊബൈല്‍ ടവറുകള്‍ക്കു കീഴിലെ ബാറ്ററി മോഷ്ടിക്കുന്ന നാലംഗ സംഘത്തെ ബത്തേരി പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഘമാണ് ബാറ്ററി മോഷണത്തില്‍ അജേഷിനും പങ്കുണ്ടെന്ന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അജേഷിനെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്കയച്ചു.തൊട്ടടുത്ത ദിവസം അജേഷിനെ കാണുന്നതിനായി ഭാര്യ ഷിംജ ജയിലിലെത്തുമ്പോള്‍, അജേഷിന്റെ അവസ്ഥ പരിതാപകരമായിരുന്നെന്നും ഭാര്യ ഷിംജ പറയുന്നു. അജേഷിന് ഓര്‍മയുണ്ടായിരുന്നില്ല.

നടക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനുശേഷമാണ് അജേഷിനെ വൈത്തിരി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അജേഷിന് ഒരു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

ഇപ്പോള്‍ തലയ്ക്കും അടിവയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. ലഹരിപഥാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്ന അജേഷ് ജയിലില്‍ എത്തിയ ഉടന്‍ ലഹരി കിട്ടാത്തതിനെത്തുടര്‍ന്ന് വിഭ്രാന്തി കാട്ടിയിരുന്നുവെന്നാണ് വൈത്തിരി സബ് ജയില്‍ അധികൃതര്‍ പറയുന്നത്. തുടര്‍ന്നാണ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റിയത് എന്നാണ് പോലീസിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week