കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നടുക്കുന്ന അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയെത്തിയതോടെയുണ്ടായ തിക്കും തിരക്കുമാണ് ഞെട്ടിക്കുന്ന അപകടത്തിന് കാരണമായത്.
നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. രണ്ട് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പത്തോളം പേരുടെ അഴസ്ഥ അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
2000 ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അതിനിടെ നവകേരള സദസിൽ നിന്നും മന്ത്രിമാരായ പി രാജീവ് അടക്കമുള്ളവർ കുസാറ്റിലേക്ക് തിരിച്ചിട്ടുണ്ട്.