NationalNews

‘ഹിന്ദുവായാണ് ജനിച്ചത്, മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കും’; അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷവും; ഡി.കെ ശിവകുമാര്‍ അടുത്ത ഷിന്‍ഡെയെന്ന് ബിജെപി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിൽ

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷത്തില്‍ കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ.ശിവകുമാര്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിക്കുന്നു. താന്‍ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയില്‍ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹന്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ശിവകുമാറിന്റെ മറുപടി.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അധ്യക്ഷന്‍ സ്വീകരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നാണു മോഹന്റെ വിമര്‍ശനം. പ്രയാഗ്രാജില്‍ മഹാകുംഭമേളയിലും ശിവകുമാര്‍ നേരത്തേ പങ്കെടുത്തിരുന്നു. ''അനധികൃത സ്വത്തുസമ്പാദന കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ സിഖ് മതത്തെ കുറിച്ച് പഠിച്ചിരുന്നു. ജൈനാശ്രമങ്ങളും ദര്‍ഗകളും ക്രൈസ്തവ ദേവാലയങ്ങളും സന്ദര്‍ശിക്കാറുണ്ട്'' ശിവകുമാര്‍ പറഞ്ഞു.

ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കൊപ്പമാണ് ശിവകുമാര്‍ പങ്കെടുത്ത്. ദിവങ്ങള്‍ക്ക് മുമ്പ് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലും അദ്ദേഹം പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വം മഹാകുംഭമേളയ്ക്ക് അയിത്തം കല്‍പ്പിച്ച് മാറിനില്‍ക്കുന്നതിനിടെയാണ് ശിവകുമാര്‍ പുണ്യസ്‌നാനം നടത്തിയത്. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

അതേ സമയം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉടന്‍ കോണ്‍ഗ്രസ് വിടുമെന്ന് പ്രവചിച്ച് ബിജെപി രംഗത്ത് വന്നു. മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയ ഏകനാഥ് ഷിന്‍ഡെയുമായാണ് ഡി.കെ. ശിവകുമാറിനെ ബിജെപി താരതമ്യപ്പെടുത്തിയത്. ഷിന്‍ഡെയെ പോലെ നിരവധി കോണ്‍ഗ്രസുകാരുണ്ട്. ഡി.കെ ശിവകുമാര്‍ അവരിലൊരാളാകാം- കര്‍ണാടക പ്രതിപക്ഷനേതാവ് ആര്‍. അശോക ആരോപിച്ചു. ശിവകുമാര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന പരോക്ഷ ആരോപണമാണ് അശോക ഉന്നയിച്ചത്.

സംഘപരിവാര്‍ ബന്ധം ആരോപിക്കപ്പെടുന്ന ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ ശിവകുമാറിനെതിരെ അതൃപ്തി ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ആഘോഷത്തിലാണ് ശിവകുമാറും പങ്കെടുത്തത്. അതിന് മുമ്പ് പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളയിലും ശിവകുമാര്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പാര്‍ട്ടിയുമായി അകലുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ആരോപണം.

മഹാരാഷ്ട്രയില്‍ ഏക നാഥ് ഷിന്‍ഡെ കലാപക്കൊടി ഉയര്‍ത്തി ശിവസേനയെ പിളര്‍ത്തിയതിന് സമാനമായ സാഹചര്യം ഉടനെ കര്‍ണാടകയിലെ കോണ്‍ഗ്രസിലും നടക്കുമെന്നാണ് അശോകയുടെ പ്രവചനം. എന്തായാലും അതെല്ലാം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. കുംഭമേളയില്‍ പോയതിനും ശിവരാത്രി ആഘോഷത്തിന് പോയതിനും കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണോയെന്നത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പിളര്‍ത്തുമെന്ന ആരോപണങ്ങള്‍ ഡി.കെ. ശിവകുമാര്‍ തള്ളിക്കളഞ്ഞു. ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളാണ്. അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വീണ്ടും വിജയിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker