‘പൊലീസ് ചോദിക്കുന്നത് സ്വപ്നയെ കുറിച്ച്’; അശ്ലീല വീഡിയോ കേസിൽ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: വ്യാജ അശ്ലീല വീഡിയോ കേസിൽ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നന്ദകുമാറിനെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എന്നാൽ തന്നെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപെട്ടല്ല സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നതെന്ന് നന്ദകുമാർ പ്രതികരിച്ചു.
വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന പരാതിയിലാണ് ക്രൈം വാരികയുടെ ഉടമസ്ഥൻ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസിൽ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.
കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പൊലീസിൽ പരാതി നൽകി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു .ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടി. യുവതിയുടെ പരാതിയിൽ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിസിടിവി, മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ നന്ദകുമാറിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.