തിരുവനന്തപുരം:അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്യുന്നവരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും രണ്ടാം ഘട്ടം വെള്ളിയാഴ്ച (നവംബര്‍ 15) തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളേജിലും തൃശൂര്‍ കേരള പോലീസ് അക്കാദമിയിലും നടക്കും. ലോക്കല്‍ പോലീസില്‍ ഗ്രേഡ് എസ്.ഐ മുതല്‍ സി.പി.ഒ തലം വരെയോ സമാനതസ്തികയിലോ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് അപേക്ഷിക്കാമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.
കുറ്റാന്വേഷണത്തില്‍ പ്രാഗത്ഭ്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിനെ പുന:സംഘടിപ്പിക്കുന്നതിന് എസ്.ഐ തലം വരെയുള്ളവര്‍ക്കായി നടത്തിയ ആദ്യഘട്ട പ്രവേശന പരീക്ഷയില്‍ 96 പേര്‍ യോഗ്യത നേടി. അവരെ ക്രൈംബ്രാഞ്ചിന്‍റെ വിവിധ യൂണിറ്റുകളില്‍ നിയമിക്കുന്ന നടപടി പുരോഗമിക്കുകയാണ്.