
മുംബൈ: 2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നെന്ന കണക്കുകളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്.
മാത്രമല്ല, ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണത്തിൽ ജനുവരി മാസത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ഉയർന്ന നിരക്കായ 87.4 ദശലക്ഷത്തിലധികം കവിഞ്ഞെന്നും ആർബിഐ ഡാറ്റകൾ വ്യക്തമാക്കുന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2 ദശലക്ഷം പേരാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിട്ടുള്ളത്. 2023 ജനുവരിയിൽ രാജ്യത്ത് 82.4 ദശലക്ഷം കാർഡുകൾ സജീവമായിരുന്നു. ആക്ടീവായ കാർഡുകളുടെ എണ്ണം ഫെബ്രുവരിയിൽ 83.3 ദശലക്ഷവും, മാർച്ചിൽ 85.3 ദശലക്ഷവും, ഏപ്രിലിൽ 86.5 ദശലക്ഷവും എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് ചെലവുകൾ പ്രതിമാസം 1.1 മുതല്‍ 1.2 ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ ഈ വർഷം മെയ് മാസത്തിൽ ഇത് ഉയർന്ന നിരക്കായ 1.4 ലക്ഷം കോടി രൂപയിലെത്തി. ആർബിഐ കണക്കുകൾ പ്രകാരം, ഒരു കാർഡിലെ ശരാശരി ചെലവ് 16,144 രൂപ എന്ന റെക്കോഡ് തുകയിലുമെത്തി.
പ്രമുഖ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന് മെയ് മാസത്തിൽ 18.12 മില്യൺ കാർഡുകളാണ് പ്രചാരത്തിലുള്ളത്. കൂടാതെ കുടിശ്ശികയുടെ കാര്യത്തിലും ബാങ്ക്, വിപണിയിൽ മുന്നിലാണ്. മൊത്തം കുടിശ്ശികയുടെ 28.5 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെതാണ്.17.13 ദശലക്ഷം കാർഡുകളുള്ള എസ്ബിഐ കാർഡ് രണ്ടാം സ്ഥാനത്താണ്, ഐസിഐസിഐ ബാങ്കിന് 14.67 ദശലക്ഷം ക്രെഡിററ് കാർഡാണുള്ളത്. 12.46 ദശലക്ഷം കാർഡുമായി ആക്‌സിസ് ബാങ്ക് നാലാം സ്ഥാനത്തുമാണ്.
രാജ്യത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നത് അടുത്തിടെയാണ്. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തിയിരുന്നു . ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതു കൊണ്ടുമാത്രം, ബാങ്കുകളിലേക്കുള്ള തിരിച്ചടവ് തുക രണ്ട് ലക്ഷം കോടിയായി ഉയർന്നു.