തിരുവനന്തപുരം: ലോകയുക്ത വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിന്റെ അഭിപ്രായങ്ങൾ തള്ളി സിപിഎം. ജലീലിന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ലോകായുക്തയ്ക്കെതിരേ ഒരു ഘട്ടത്തിലും സിപിഎം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വ്യക്തമാക്കി.
അഭിപ്രായം പറയാൻ ജലീലിന് സ്വാതന്ത്ര്യമുണ്ട്. അത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ഇടതു പാർട്ടികളും മറ്റു പാർട്ടികളും വ്യക്തികളും ഉൾപ്പെട്ട മുന്നണിയാണ് എൽഡിഎഫ്. അതിൽ ചിലർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചേക്കാം. അത് പാർട്ടിയുടെ അഭിപ്രായമല്ല. ജലീൽ സിപിഎം അംഗമല്ല. സ്വതന്ത്രനാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്നതുകൊണ്ടാണ് അവർ സ്വതന്ത്രരായി നിൽക്കുന്നത്. കോടിയേരി വ്യക്തമാക്കുന്നു.
ലോകായുക്താ ഭേദഗതി ഓർഡിനൻസിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിപിഐയുമായി ചർച്ച നടത്തുമെന്നും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ മുന്നണിയിലെ പാർട്ടികൾക്കിടയിൽ ഇല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഓർഡിനൻസിനെ കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ ഒരു ഘടകകക്ഷിയും എതിർത്തിരുന്നില്ല. ഗവർണറും സർക്കാരുമായി ഒരു തർക്കവുമില്ല. നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത് ഗവർണറുടെ തീരുമാനം വൈകുന്നതു കൊണ്ടല്ല, കോവിഡ് വ്യാപിക്കുന്നതു കൊണ്ടാണെന്നും കോടിയേരി വ്യക്തമാക്കി