KeralaNewsPolitics

പിണറായി പൂർണ്ണ സമയം കളത്തിൽ,സിപിഎം മലപ്പുറം പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

മലപ്പുറം: സിപിഎം മലപ്പുറം പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേൽനോട്ടത്തിലാണ് മലപ്പുറം സംഘടനാ സമ്മേളനം നടക്കുക. തലമുറ മാറ്റത്തിന് സാധ്യതയെന്നതാണ് മലപ്പുറം സിപിഎമ്മിൽ നിന്ന് പുറത്തുവരുന്ന സൂചന. നിലവിലെ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മാറിയേക്കും. രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളെ  തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട്  തരം താഴ്ത്തിയതിനാൽ തിരൂരിൽ തുടങ്ങുന്ന ജില്ലാ സമ്മേളനത്തിൽ ചർച്ച ചൂട് പിടിക്കുമെന്നുറപ്പാണ്.

ഡിസംബ‍ർ 27 മുതൽ 29 വരെയാണ് മലപ്പുറം സമ്മേളനം. പാ‍ർട്ടി താരതമ്യേന ദു‍ർബ്ബലമായ ജില്ലയാണെങ്കിലും മുഖ്യമന്ത്രി പിണറായിവിജയൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. മുസ്ലിം ന്യൂനപക്ഷത്തിനിടയിൽ പാ‍ർട്ടിക്കനുകൂലമായ ചായ് വ് ഉണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  പൊന്നാനി, പെരിന്തൽ മണ്ണ എന്നി മണ്ഡലങ്ങളിൽ കടുത്ത വിഭാഗീയപ്രവ‍ർത്തനം നടന്നതായി സിപിഎം വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ  രണ്ട് ജില്ലാ  സെക്രട്ടറിയേറ്റംഗങ്ങളെ തരം താഴ്ത്തേണ്ടി വന്നു. ടിഎം സിദ്ദിഖും വി ശശികുമാറുമാണ് നടപടി നേരിട്ടത്. ഇക്കാര്യങ്ങടക്കം സമ്മേളനത്തിൽ വലിയ ചർച്ചാവിഷയമാകും. ഇഎൻ മോഹൻദാസിനെ പ്രായം പരിഗണിച്ച് മാറ്റിയാൽ വിപി അനിൽ, ഇ ജയൻ എന്നിവരിലൊരാളെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക. തലമുറമാറ്റം വേണമെന്ന മുറവിളി ജില്ലയിലെ പാ‍ർട്ടിയിലുണ്ട്.



രാവിലെ 9 മണിക്ക് ടി കെ ഹംസയാണ് പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കമിടുക. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്ത് മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യു. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ,പാലോളി മുഹമ്മദ് കുട്ടി, ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നീ നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും.

അതേസമയം സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് പതാക ഉയരുന്നത് അടൂരിലാണ്. രാവിലെ പത്ത് മണിക്ക് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ സമ്മേളനങ്ങളെല്ലാം മത്സരമില്ലാതെ നടന്നതിന്‍റെ ആശ്വാസത്തിലാണ് പാർട്ടി ജില്ലാ നേതൃത്വം. എന്നാൽ കോട്ടാങ്ങൽ പഞ്ചായത്തിൽ പാർട്ടി എസ്ഡിപിഐയുമായി ചേർന്ന് ഭരിക്കുന്നത് പ്രതിനിധികൾ ചർച്ചാക്കും.

സംഘടന രംഗത്തും പാർലമെന്‍ററി രംഗത്തും ഒരു പിടി നേട്ടങ്ങളുമായാണ് പത്തനംതിട്ടയിലെ സിപിഎം രക്തസാക്ഷി പിബി സന്ദീപ്കുമാറിന്റെ പേരിലുള്ള സമ്മേളന നഗരിയിലേക്ക് സഖാക്കൾ എത്തുന്നത്. കോൺഗ്രസിന്‍റെ കുത്തകയായിരുന്ന ജില്ലയിൽ അഞ്ചിൽ അഞ്ച് നിയമസഭ സീറ്റും നേടി. മൂന്നിൽ രണ്ട് തദ്ദശേ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുത്തു. പാർട്ടിക്ക് ബാലികേറാമലയായിരുന്ന ജില്ലാ പഞ്ചായത്ത് ഭരണവും കൈപ്പിടിയിലാക്കിയത് ജില്ലാ നേതൃത്വത്തിന് തിളക്കമേകുന്നു. സഹകരണ ബാങ്കുകളിലെ വിജയം, സിപിഐ അടക്കമുള്ള ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചതും നേതൃത്വത്തിന്‍റെ നേട്ടം തന്നെ.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് രണ്ട് ടേം പൂർത്തിയാക്കുന്ന കെപി ഉദയഭാനുവിന് പകരം മറ്റൊരു പേര് ചർച്ചയാകാൻ സാധ്യത വളരെ കുറവ്. മുൻ കാലങ്ങളെ അപേക്ഷിച്ച് പ്രകടമായ വിഭാഗീയതകളൊന്നും പതിനൊന്ന് ഏരിയ സമ്മേളനത്തിൽ ഉണ്ടായില്ല. പത്തനംതിട്ട, ഇരവിപേരൂർ, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളിൽ ചില വ്യക്തി കേന്ദ്രീകൃതമായ ഗ്രൂപ്പുകൾ പ്രകടമായിരുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ മന്ത്രി വീണ ജോർജിനെതിരെ ഉയർന്ന വിമർശനങ്ങൾ ജില്ലാ സമ്മേളനത്തിലും ആവർത്തിക്കും. പെരിങ്ങര ലോക്ക‌ൽ സെക്രട്ടറി സന്ദീപ് കുമാറിന്‍റെ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ആക്ഷേപമുണ്ട്.

 

അഭിമന്യു കൊലക്കേസിൽ പ്രതി സ്ഥാനത്തുള്ള എസ്ഡിപിഐയെ കൂട്ട് പിടിച്ചുള്ള ഭരണം ഉപേക്ഷിക്കാത്തത് എസ്എഫ്ഐ ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ വലിയ ചർച്ചയാക്കും. തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയിട്ടും പന്തളം നഗരസഭയിൽ ബിജെപി ഭരണം പിടച്ചത് പാർട്ടിക്കുള്ളിലെ വീഴ്ചയാണന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. ജില്ലാകമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധിനിത്യം ഉറപ്പാക്കും. കെ യു ജനീഷ്കുമാറാണ് സെക്രട്ടറിയേറ്റിൽ വരാൻ സാധ്യതയുള്ള പുതുമുഖം. ഏരിയ കമ്മിറ്റി അംഗമായ മന്ത്രി വീണ ജോർജിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker