KeralaNews

ജോലിയ്ക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് മർദ്ദനം, സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ അറസ്റ്റിൽ

കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി നായർ, ജെയ്‌സൺ എന്നിവരാണ് അറസ്റ്റിലായത്.

പണിമുടക്ക് ദിവസവും ജോലിക്കെത്തിയതിനാണ് മനോജിന് മർദ്ദനമേറ്റതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തന്നെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം. പിന്നീട് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചു. ഉച്ചയോടെ സമരക്കാർ വീണ്ടുമെത്തി മനോജിനെ മർദ്ദിക്കുകയായിരുന്നു. കോതമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യ പകൽ സംസ്ഥാനത്ത് ഹർത്താലായി മാറി. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു.

ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ആർസിസിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവർക്ക് പൊലീസ് വാഹനം ഒരുക്കി.

സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. സംസ്ഥാനത്തെ മുഴുവൻ കടകമ്പോളങ്ങളും അടഞ്ഞു കിടന്നു. തട്ടുകട പോലും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ ചിലയിടങ്ങളിൽ ഓടുന്നുണ്ട്.

വ്യവസായമേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. അവശ്യ സർവ്വീസായതിനാൽ ബിപിസിലിനെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞെങ്കിലും സമരക്കാർ ജീവനക്കാരെ കടത്തിവിട്ടില്ല. ക‌ഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയിൽ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞു തിരിച്ചയച്ചു.

ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ അടക്കം സർവീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികൾ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. മത്സ്യമേഖലയെ പണിമുടക്ക് ബാധിച്ചില്ല. കഴിഞ്ഞയാഴ്ച രണ്ട് ദിവസം മത്സ്യത്തൊഴിലാളികൾ പണിമുടക്കിയിരുന്നത് കൊണ്ടാണിത്. ഐടി മേഖലയെ പണിമുടക്ക ബാധിച്ചില്ല. പണിമുടക്കിയ വിവിധ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker