തൃശൂര്‍: തൃശൂരില്‍ റോഡില്‍ പാര്‍ട്ടി ചിഹ്നം വരച്ചതിന് സിപിഐഎം പ്രവര്‍ത്തകന്‍ റിമാന്റില്‍. കരുവന്നൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാന്റ് ചെയ്തത്. പ്രതിഷേധവുമായി സി.പി.എം പ്രാദേശിക നേതൃത്വം രംഗത്തെത്തി. പോലീസ് കള്ളക്കേസില്‍ കുടിക്കിയതാണെന്നാണ് ആരോപണം. അതേസമയം കത്രിക ഉപയോഗിച്ച് റോഡില്‍ വരച്ചതിനാണ് കേസെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ 27 ന്ന് രാത്രിയാണ് സംഭവം. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഹാരിസിനെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡില്‍ ചുറ്റിക വരച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. കത്രിക ഉപേയാഗിച്ച് റോഡില്‍ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുവെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്. എന്നാല്‍, കത്രിക ഉപയോഗിച്ചല്ല റോഡില്‍ വരച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഗൂഢാലോചനയുടെ ഭാഗമായാണ് ഹാരിസിനെ കള്ളക്കേസില്‍ കുടുക്കിയെതെന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വവും രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും ചേര്‍പ്പ് സിഐ ഷിബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. റോഡില്‍ പെയിന്റ് അടിക്കുന്നതിനു മുന്‍പ് കത്രിക ഉപയോഗിച്ച് ചിഹ്നം വരച്ചിട്ടുണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. 14 ദിവസത്തേക്കാണ് ഹാരിസിനെ റിമാന്റ് ചെയ്തിരിക്കുന്നത്.