31.1 C
Kottayam
Friday, May 17, 2024

രണ്ടുമാസം കൊണ്ട് 4 ലക്ഷം രോഗികള്‍; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. രണ്ടു മാസംകൊണ്ടാണ് നാല് ലക്ഷം രോഗബാധിതരുണ്ടായതെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗതീവ്രത കുറയുന്നതിന്റെ സൂചന നല്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. അതേസമയം വെറും പതിനൊന്ന് ദിവസത്തിനിടെ 287 പേരുടെ മരണം സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗമുക്തിക്ക് ശേഷവും മരണങ്ങള്‍ കൂടുന്നത് ആശങ്കയുയര്‍ത്തുന്നു.

അഞ്ചു ലക്ഷം കടന്ന് കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ കണക്കുകള്‍. ജനുവരി 30 ന് ആദ്യ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് ആദ്യ 500 കടന്നത് മൂന്നു മാസം പിന്നിട്ട് മേയ് ആദ്യവാരം. അവിടുന്നങ്ങോട്ട് അഞ്ചുമാസമെടുത്ത് സെപ്റ്റംബര്‍ 11 നായിരുന്നു രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്. പിന്നീടൊരു കുതിപ്പായിരുന്നു വെറും രണ്ടുമാസംകൊണ്ട് നാലു ലക്ഷം പേര്‍ക്കു കൂടി രോഗം ബാധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തുന്ന സംസ്ഥാനം, ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുളള സംസ്ഥാനം തുടങ്ങി മോശം അവസ്ഥയിലേയ്ക്ക് പോയി കേരളം.

ഓണാഘോഷത്തേത്തുടര്‍ന്നുണ്ടായ ക്‌ളസ്റ്ററുകളാണ് രോഗവ്യാപനമുണ്ടാക്കിയത്. രണ്ടു മാസത്തിനുശേഷമാണ് ടെസ്റ്റ് പോസിറ്റിവിററി നിരക്ക് 11 ന് താഴെത്തുന്നത്. അഞ്ചുലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കില്‍ ഇതിന്റെ ഇരുപതിരട്ടി പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും 25 ലേറെ പേരുടെ മരണം ഓരോദിവസവും ഔദ്യോഗിക കണക്കില്‍ വരുന്നു. ഈ മാസം മാത്രം 287 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരട്ടിയിലേറെ മരണങ്ങളുണ്ട് അനൗദ്യോഗിക കണക്കുകളില്‍. രോഗമുക്തി നേടിയ ശേഷവും ഗുരുതരാവസ്ഥയിലേയ്ക്കും മരണത്തിലേയ്ക്കും നീങ്ങുന്നവരുടെ എണ്ണമാണിപ്പോള്‍ ആശങ്ക കൂട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week