ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിദിനം ശരാശരി 3,43,0502 വാക്‌സിൻ ഡോസുകളാണ് ഇന്ത്യയിൽ നൽകുന്നത്. വാക്‌സിൻ വിതരണത്തോടൊപ്പം തന്നെ ചർച്ചയാകുന്ന മറ്റൊരു വിഷയമാണ് വാക്‌സിൻ പാഴാകലും.
തമിഴ്‌നാട്ടിലാണ് ഏറ്റവും അധികം വാക്‌സിൻ ഡോസുകൾ പാഴാക്കിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12.4 ശതമാനമാണ് തമിഴിനാടിന്റെ വാക്‌സിൻ പാഴാക്കൽ നിരക്ക്. ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനമാണ് ഇവിടുത്തെ നിരക്ക്. മൂന്നാം സ്ഥാനത്തുള്ള ബിഹാറിൽ 8.1 ശതമാനമാണ് വാക്‌സിൻ പാഴാക്കൽ നിരക്ക്. ഡൽഹി, ആന്ധ്രാപ്രദേശ്, പഞ്ചാബ്, അസം, മണിപ്പൂർ, എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നാലെയുണ്ട്. 7 ശതമാനം മുതൽ 7.2 ശതമാനം വരെയാണ് ഇവിടുത്തെ പാഴാക്കൽ നിരക്ക്.
കേരളം, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ പാഴായി പോകുന്ന വാക്‌സിൻ നിരക്ക് പൂജ്യം ശതമാനമാണ്. മഹാരാഷ്ട്രയിൽ വാക്‌സിൻ പാഴായി പോകുന്ന നിരക്ക് 1.9 ശതമാനമാണ്. വാക്‌സിൻ പാഴാക്കൽ തടയാൻ സർക്കാരുകൾ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് ദേശീയ ഹെൽത്ത് അതോറിറ്റി സിഇഒ നിർദ്ദേശം നൽകുന്നത്.