ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. ആദ്യ മുന്‍ഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്സ് തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ സംസ്ഥാനങ്ങളിലേയും 92 ശതമാനം സര്‍ക്കാര്‍ 56 ശതമാനം സ്വകാര്യ ആശുപത്രികളും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ഒരു കോടിയോളം വരുമെന്നും ഇവര്‍ക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍നിര പോരാളികള്‍ക്കും ആദ്യ ഡോസ് നല്‍കുമെന്നാണ് നിലവിലെ തീരുമാനം.
നിലവില്‍ അഞ്ച് വാക്സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്സഫഡ് വാക്സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കല്‍ ഇ എന്ന വാക്സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.