പാലക്കാട് അതീവജാഗ്രതയില്‍; എം.പിയും എം.എല്‍.എയും നിരീക്ഷണത്തില്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്
പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ്രജാഗ്രതയില്‍ പാലക്കാട് ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതോടെ ജില്ല ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലെ 20ല്‍ അധികം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. വി.കെ. ശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും നിരീക്ഷണത്തിലാണ്.
മേയ് 26ന് കൊവിഡ് പരിശോധന മെഷീന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എം.പിയും എം.എല്‍.എയും ജില്ല മെഡിക്കല്‍ ഓഫീസറും ജില്ല ആശുപത്രി സൂപ്രണ്ടും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്ന ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോയാണ് എം.പിയും എം.എല്‍.എയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്. നേരത്തേ ഇവിടത്തെ ഹെഡ് നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് പാലക്കാടാണ്. നിലവില്‍ 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ വെള്ളിയാഴ്ച ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയില്‍ ഉള്ളത്. ജില്ല ആശുപത്രി ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് സാധ്യത.