ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനിടെ 22,252 പോസിറ്റീവ് കേസുകളും 467 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 719,665 ആയി. മരണസംഖ്യ 20,160 ല്‍ എത്തി.
വെറും അഞ്ച് ദിവസംകൊണ്ടാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകള്‍ വര്‍ധിച്ചത്. ജൂലൈ 2ന് ഇന്ത്യയിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍ ആറ് ലക്ഷം കടന്നിരുന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് മരണം ഒന്‍പതിനായിരവും, ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷവും കടന്നു.
ഗുജറാത്തില്‍ 735 പുതിയ കേസുകളും 17 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 36,858ഉം മരണം 1962ഉം ആയി. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ വീടുവീടാന്തരം സര്‍വേ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. തെലങ്കാനയില്‍ 1831ഉം, ഉത്തര്‍പ്രദേശില്‍ 933ഉം, പശ്ചിമ ബംഗാളില്‍ 861ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രോഗമുക്തി നിരക്ക് 61.13 ശതമാനത്തിലെത്തിനില്‍ക്കുന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്. 4,39,947 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 2,59,557 പേരാണ് ചികിത്സയിലുള്ളത്.