ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ തൊട്ടുപിന്നില്‍ ഇന്ത്യയെത്തി. അമേരിക്കയില്‍ ആകെ 79 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
രാജ്യത്ത് പുതുതായി 74,383 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 70,53,806 ആയി ഉയര്‍ന്നു. കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തില്‍നിന്ന് 70 ലക്ഷത്തിലേയ്‌ക്കെത്താന്‍ വെറും 13 ദിവസം മാത്രമാണെടുത്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 918 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,08,371 ആയി. കൊവിഡ് മരണങ്ങളില്‍ ലോകത്ത് ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്കയും ബ്രസീലുമാണ്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ 61 ശതമാനവും.
നിലവില്‍ കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. 11,755 കേസുകളാണ് സംസ്ഥാനത്തെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയെ ആണ് കേരളം ഇക്കാര്യത്തില്‍ പിന്നിലാക്കിയത്. 11,416 കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,077,190 പേര്‍ക്ക് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.
ആഗോള വ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷത്തിലേക്ക് അടുത്തു. 37,448,771 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 28,097,779 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.