ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ കൊവിഡ് ബാധിതര്‍ 31 ലക്ഷം കടന്നിരിക്കുകയാണ്. 31,67,324 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ചികിത്സയിലുളളവര്‍ ഏഴു ലക്ഷം കടന്നു. 7,04,348 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 24,04,585 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 58,390 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 11,015 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,93,398 ആയി. കഴിഞ്ഞ ദിവസം 212 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതിനോടകം 5,02,490 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയതെന്നും 1,68,126 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.