HealthNationalNews

24 മണിക്കൂറിനിടെ 63,489 കേസുകള്‍; ലോകത്ത് പ്രതിദിന വര്‍ധന ഏറ്റവും കൂടിയ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വന്‍വര്‍ധന. 63,489 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളുള്ള രാജ്യമായിരിക്കുകയാണ് ഇന്ത്യ. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരമാണിത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ കൊവിഡ് മരണം 49,980 ആയി. ഒറ്റദിനം 944 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 12,614 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്നാട്ടില്‍ 5,860 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. ഉത്തര്‍പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. പശ്ചിമ ബംഗാളില്‍ 3074 ആണ് 24 മണിക്കൂറിനുള്ളിലെ രോഗ ബാധിതര്‍.

രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാമ്പിള്‍ പരിശോധന. എഴുപത്തിയൊന്ന് ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ അര ലക്ഷം കടന്നു.

രോഗികളുടെ എണ്ണം അമേരിക്കയില്‍ 55 ലക്ഷവും ബ്രസീലില്‍ 33 ലക്ഷവും കടന്നു. നിലവില്‍ അമേരിക്കയില്‍ പ്രതിദിനം അരലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിക്കുന്നത്. ബ്രസീലില്‍ ദിവസവും മുപ്പത്തെട്ടായിരം പേര്‍ രോഗികളാകുന്നു. ഏഷ്യയില്‍ കോവിഡ് രോഗികളുടെ ആകെ എണ്ണം 55 ലക്ഷം കടന്നു.

സംസ്ഥാനത്ത് അടുത്ത മാസം പ്രതിദിന വര്‍ധനവ് 10000 മുതല്‍ 20000 വരെയാകുമെന്ന് ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button