HealthKeralaNews

സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീട്ടില്‍ തന്നെ ചികിത്സിയ്ക്കുന്ന സംവിധാനം ഉടന്‍ ആരംഭിയ്ക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളേയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി അടിയന്തരമായി തുടങ്ങണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. രോഗികളുടെ എണ്ണം കൂടുകയും നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ സ്ഥലപരിമിതി ഉണ്ടാവുകയും ചെയ്തതോടെയാണ് ഈ നിര്‍ദേശം. എന്നാല്‍ ഇവരുടെ തുടര്‍ ആരോഗ്യ പരിശോധന എങ്ങനെ നടത്തുമെന്നതിലാണ് സര്‍ക്കാരിന് ആശങ്ക.

സംസ്ഥാനത്ത് 29 സര്‍ക്കാര്‍ ആശുപത്രികളിലാണ് നിലവില്‍ കൊവിഡ് ചികില്‍സ നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളിലുള്‍പ്പെടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാത്ത അവസ്ഥയായി. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നെങ്കിലും പലയിടത്തും സൗകര്യങ്ങളുടെ കുറവുണ്ട്. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരുമില്ല.

രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ 45 ശതമാനത്തിനും രോഗലക്ഷണങ്ങളില്ല. 30 ശതമാനം പേര്‍ക്കാകട്ടെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രവും. ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യം വരുന്നില്ല. ഇത് കണക്കിലെടുത്താണ് ലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിച്ചാല്‍ മതിയെന്ന നിര്‍ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്. വിദഗ്ധ സമിതിയും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവരില്‍ പോലും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്‌സിയ, വൈറല്‍ മയോകാര്‍ഡൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുളളവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കുമ്പോള്‍ ഇവരെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. പലയിടങ്ങളിലായി വീടുകളില്‍ കഴിയുന്നവരെ എല്ലാം നേരില്‍ കണ്ട് പരിശോധിക്കുക എളുപ്പമുളള കാര്യമല്ല. ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കേണ്ടിയും വരും. ഇതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker