KeralaNews

കൊവിഡ് യാത്രവിലക്ക്:കര്‍ണാടക പൊതുമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്‍റെ പേരില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തുന്ന കര്‍ണാടകയുടെ തീരുമാനം പൊതുമാനദണ്ഡങ്ങൾ ലംഘിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടകം തടയുന്നുണ്ട്. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങൾ ലംഘിച്ചാവരുത്. കേന്ദ്രം അന്തർസംസ്ഥാന യാത്രകൾക്ക് അനുമതി നൽകിയതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. അല്ലെങ്കിൽ ജനങ്ങൾ ബുദ്ധിമുട്ടും. കർണാടകയുടെ ഈ സമീപനത്തിൽ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.

അന്തർസംസ്ഥാനയാത്ര തടഞ്ഞതിന് ഒരു ന്യായീകരണവുമില്ല. ഒരു കാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കർണാടകയിൽ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കർണാടകയിലെ പത്തിലൊന്ന് ആളുകൾക്ക് പോലും കേരളത്തിൽ രോഗം വന്നിട്ടില്ല. കർണാടകയിൽ 30 പേർക്ക് രോഗം വരുമ്പോൾ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ റിപ്പോർട്ടിംഗ് സംവിധാനം മികച്ചതായതുകൊണ്ടാണ് ഉയർന്ന കണക്ക് വരുന്നത്.

അതേ സമയം കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പറഞ്ഞു. വിദ്യാര്‍ത്ഥികൾക്കും സ്ഥിരം യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താൻ സാധിക്കില്ലെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഇളവ് നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വന്നു 72 മണിക്കൂറിനുള്ളിൽ തിരിച്ചു പോകാൻ കഴിയുന്ന സ്ഥിരം യാത്രക്കാർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker