FeaturedKeralaNews

മൂന്നാം തരംഗം പടിവാതിലിൽ,അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് മന്ത്രി വീണാ ജോര്‍ജ്,അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്. വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം ചേര്‍ന്നു. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനത്തിന്റെ പദ്ധതികള്‍, സി.എസ്.ആര്‍. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും.

സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കോവിഡ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിന് കെ.എം.എസ്.സി.എല്‍, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കോവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker