യുകെയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകും,മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
ലണ്ടൻ:കോവിഡ് മൂന്നാം തരംഗത്തിന് യുകെയിൽ തുടക്കമായിട്ടുണ്ടാകാമെന്ന് സർക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂൺ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോൺസൺ സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ജൂൺ 21-ന് കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സർക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസർ രവി ഗുപ്ത നിർദേശിച്ചു.
കഴിഞ്ഞ അഞ്ചു ദിവസമായി യുകെയിൽ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 12-ന് ശേഷമാണ് കേസുകളിൽ വർധനവ് വന്നു തുടങ്ങിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയിൽ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.
യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനാൽ മൂന്നാം തരംഗം രൂക്ഷിതമാകാൻ മുമ്പുള്ള തരംഗങ്ങളേക്കാൾ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൺലോക്ക് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കൂടുതൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.