KeralaNewsNews

വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട് വേണം ജാഗ്രത പുലർത്തേണ്ടത്. ഓണാവധിക്കാലത്ത് നമ്മുടെ മാർക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെ തോത് വർധിച്ചിട്ടുണ്ട്. ആളുകൾ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വർധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ ഇനിയും ദിവസങ്ങളെടുക്കും.

കോവിഡിനൊപ്പം ജീവിതം കൊണ്ടു പോവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ കൂടുതലായി നൽകുന്നത്. ഇളവുകൾ ഉള്ളപ്പോൾ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മൾ വർധിപ്പിക്കണം. ലോക്ക്ഡൗൺ നാലാംഘട്ട ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയിൽ ഇളവുകൾ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കോവിഡ് പ്രതിരോധം മാറുകയാണ്.

വിദഗ്ധർ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയിൽ കേസുകൾ വരുമെന്നായിരുന്നു. എന്നാൽ, അത് പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു. ഇപ്പോൾ ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ നല്ല തോതിൽ പാലിച്ചിട്ടുണ്ട്. എന്നാൽ, തീരേ നിയന്ത്രണങ്ങൾ ഇല്ലാത്ത അവസ്ഥ ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാർക്കറ്റുകളിലോ ചെല്ലുന്നവർ പേരെഴുതി ഇടണം എന്നത് നിർബന്ധമാക്കിയിരുന്നു. അതിൽ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതിൽ പലരും വിമുഖത കാട്ടി. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്ന സംവിധാനം കോഴിക്കോട്ട് വിജയകരമായി പരീക്ഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker