പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു. പീഡിപ്പിച്ച ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടി തന്നെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
‘ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്നും’ പ്രതി പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. കായംകുളം സ്വദേശിയായ നൗഫലാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് എസ്പി കെജി സൈമണ്‍ പറഞ്ഞു. അടൂരില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ ആറന്മുളയിലേക്ക് ഒപ്പമുണ്ടായിരുന്ന യുവതിയെ ഇറക്കാനായി പോയി. തിരിച്ച് പെണ്‍കുട്ടിയെ ഇറക്കാന്‍ വരുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.
പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇയാളെ സര്‍വീസില്‍ നിന്നും ഒഴിവാക്കാന്‍ ഏജന്‍സിയോടും ആവശ്യപ്പെട്ടതായും കൂടുതല്‍ സുരക്ഷാമുന്‍കരുതലുകള്‍ നടപ്പിലാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.