തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനവും പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരില്‍ 73.4% പേര്‍ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് പഠന റിപ്പോര്‍ട്ട് വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആദ്യം സ്ഥിരീകരിച്ച 500 പേരിലായിരുന്നു പഠനം. 71.2% ശതമാനം രോഗികളും പതിനൊന്നിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ്. 10 വയസിനു താഴെ 4.4% വും. മരണ നിരക്ക് 0.6 ശതമാനത്തിനടുത്തു മാത്രം.
കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തൊണ്ട വേദനയാണ്. ചുമയും പനിയുമാണ് തൊട്ടു പിന്നില്‍. പത്തു ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു. രോഗബാധിതരില്‍ 42 ശതമാനത്തിന് രോഗലക്ഷണമുണ്ടായിരുന്നില്ല. 58 ശതമാനം പേര്‍ക്ക് രോഗലക്ഷണം പ്രകടമായിരുന്നു. ഗുരുതര രോഗലക്ഷണമുള്ളവര്‍ 4 ശതമാനത്തിനടുത്തു മാത്രം.
12.17 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് മറ്റ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ഉണ്ടായിരുന്നു. രോഗലക്ഷണം കണ്ടതുമുതല്‍ ചികിത്സ ആരംഭിക്കാന്‍ എടുത്ത സമയദൈര്‍ഘ്യം 3 ദിവസത്തില്‍ താഴെയാണ്. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ആകുവാന്‍ എടുത്തത് ഏതാണ്ട് 13 ദിവസവും ആശുപത്രിയില്‍ കിടക്കേണ്ടി വന്നത് 14 ദിവസവും ആണെന്ന് കണ്ടെത്തി. ഐസിയു വേണ്ടി വന്നത് ഒരു ശതമാനം രോഗികള്‍ക്ക് മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.