അമേരിക്കയിൽ കൂടുതൽ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായേക്കാം , സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞെന്നും ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് മൂലം തകിടം മറിഞ്ഞ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് സമ്മതിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇപ്പോഴും മാസ്ക് ധരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
അരിസോണയിലെ ഫീനിക്സിലുള്ള ഹണിവെല്‍ മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിച്ചപ്പോഴും മാസ്ക് ധരിക്കുന്നതില്‍ ട്രംപ് വിമുഖത കാട്ടി. എന്നാല്‍ സുരക്ഷാ കണ്ണട ധരിച്ചിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യപ്രധാന യാത്രയ്ക്കിടെ ആയിരുന്നു ഫാക്ടറി സന്ദര്‍ശനം.
സന്ദര്‍ശനത്തിനിടെ സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോൾ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിലത് സംഭവിക്കാന്‍ ഇടയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. ചില ആളുകളെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ച ട്രംപ് അതു മൂലം രാജ്യം തുറന്നുകൊടുക്കാതിരിക്കില്ലെന്നും പറഞ്ഞു.