കൊവിഡ് മരണം 58000,അമേരിക്കയില്‍ മരിച്ചത് 6000 പേര്‍ സ്‌പെയിനില്‍ മരണസംഖ്യ 11000,ആടിയുലഞ്ഞ് ലോകം

ന്യൂയോര്‍ക്ക്: കൊവിഡിനെ പിടിച്ചുകെട്ടാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു പരിശ്രമിയ്ക്കുന്നതിനിടയിലും വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി എഴുപതിനായിരം കടന്നു. 58000 ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 240 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കഴിഞ്ഞ അമേരിക്കയില്‍ മരണം ആറായിരം കടന്നു. കാലിഫോര്‍ണിയയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 71 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണില്‍ വീട്ടില്‍ തന്നെ ഇരിക്കാനുള്ള നിര്‍ദേശം മെയ് 4 വരെ നീട്ടി. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് രാജ്യവ്യാപകമായി പൗരര്‍ക്ക് നിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചെന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ആന്റണി ഫൗച്ചി പറഞ്ഞു.

24 മണിക്കൂറിനിടെ 932 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ മരണ സംഖ്യ 11,000 ത്തിനടുത്തെത്തി. രോഗബാധിതര്‍ ഒരു ലക്ഷത്തി പതിനെട്ടായിരത്തോളമായി. ഇറ്റലിയില്‍ മരണ സംഖ്യ 14,000 പിന്നിട്ടു . ഇറാനില്‍ 3300 ഓളം ആളുകളാണ് മരിച്ചത്.

ബ്രിട്ടനില്‍ ജീവന്‍ നഷ്ടമായത് മൂവായിരത്തോളം പേര്‍ക്കാണ്യ തനിക്ക് തീവ്രമായ രോഗലക്ഷണങ്ങളുണ്ടായില്ലെന്ന് കൊവിഡിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന ചാള്‍സ് രാജകുമാരന്‍ വ്യക്തമാക്കി. ജര്‍മ്മനിയില്‍ മരണം ആയിരം കടന്നു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് 14 ദിവസം നിരീക്ഷണത്തിലായിരുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തിരികെ ഓഫീസിലെത്തി.

ഇറാഖില്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിയെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് 3 മാസത്തേക്ക് വിലക്കി. സിംഗപ്പൂരില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.കൊവിഡിനെ തുടര്‍ന്ന് മരിച്ച ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരെ അനുസ്മരിച്ച് ചൈനയില്‍ നാളെ ദേശീയ ദുഖാചരണം നടക്കും.