FeaturedKeralaNews

രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്,ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു,തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: ആശങ്ക വര്‍ദ്ധിപ്പിച്ച് തലസ്ഥാന നഗരിയില്‍ കൊവിഡ് പടര്‍ന്നു പിടിയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ടു വനിതാ പോലീസുകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കണ്ടെയിന്‍മെന്റ് സോണില്‍ ജോലി നോക്കിയിരുന്ന പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ജൂലൈ 17 രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാല്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, എന്നിവ രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല. പകരം രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് ബാങ്ക് മൊബൈല്‍ എ.റ്റി.എം സൗകര്യം ഏര്‍പ്പെടുത്തും. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ മില്‍മ എത്തിക്കും. മൊബൈല്‍ മാവേലി സ്റ്റോര്‍ സൗകര്യം പ്രദേശത്ത് ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

കോര്‍പറേഷന്‍ പരിധിയിലെ കടകംപള്ളിയും കണ്ടെയിന്‍മെന്റ് സോണാക്കി മാറ്റിയിരുന്നു.കുന്നത്തുകാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ പെടും.അഴൂര്‍,കുളത്തൂര്‍,ചിറയിന്‍കീഴ്,ചെങ്കല്‍,കാരോട്,പൂവാര്‍,പെരുങ്കടവിള,പൂവച്ചല്‍ പഞ്ചായത്തുകളില്‍പ്പെട്ട ഭൂരിപക്ഷം വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണിലാണ്.

ഇന്നലെ മാത്രം ജില്ലയില്‍ 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇവയില്‍ 301 എണ്ണവും സമ്പര്‍ക്കത്തിലൂടെയായിരുന്നു.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 30 പേര്‍ ക്വാറന്റൈനിലാണ്. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമേ പാറശാല,അഞ്ചുതെങ്ങ്,പൂവച്ചല്‍ എന്നിവിടങ്ങളിലും രോഗം പടര്‍ന്നു പിടിയിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button