ബ്രിട്ടണിലും അമേരിക്കയിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുന്നു,നിയന്ത്രണങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി
ലണ്ടന്‍: ബ്രിട്ടണില്‍ താഴേക്ക് വന്നിരുന്ന കോവിഡ് വ്യാപന നിരക്ക് വീണ്ടും അതിവേഗത്തില്‍ ഉയരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് ബ്രിട്ടണില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇന്നലെ 28,612 പേര്‍ക്കാണ് ബ്രിട്ടണില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയിലേതിനേക്കാള്‍ 9.6 ശതമാനം കൂടുതലാണിത്. അതേസമയം മരണനിരക്കില്‍ കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 103 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗവ്യാപനം ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വരുന്ന ശൈത്യകാലത്ത് വീണ്ടും ഒരു ലോക്ക്ഡൗണ്‍ അത്യാവശ്യമായി വരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.എന്നാല്‍, ഒന്നാം ലോക്ക്ഡൗണിന് കാരണമായ റിപ്പോര്‍ട്ടിന്റെ ഉപജ്ഞാതാവ്, പ്രൊഫസര്‍ ലോക്ക്ഡൗണ്‍ എന്ന വിളിപ്പേരുള്ള പ്രൊഫസര്‍ നീല്‍ ഫെര്‍ഗുസണ്‍ പറയുന്നത് ഇനിയൊരു ലോക്ക്ഡൗണ്‍ ആവശ്യമായി വരാന്‍ സാധ്യത വളരെ കുറവാണെന്നാണ്. രോഗവ്യാപനം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ പോലും അത് നിയന്ത്രിക്കാവുന്ന പരിമിതിക്കുള്ളിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിലെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുവാന്‍ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് പ്രശ്സ്ത പകര്‍ച്ചവ്യാധി വിദഗ്ദനായ പ്രൊഫസര്‍ ജോണ്‍ എഡ്മണ്ടും പറയുന്നു.
അമേരിക്കയില്‍ വീണ്ടും ഒരു ലക്ഷം കടന്ന് രോഗബാധിതര്‍
അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ ശരാശരി 1,00,000ത്തിലധികം ആളുകളാണ് അമേരിക്കയില്‍ പ്രതിദിനം രോഗബാധിതരാകുന്നത്. ജൂണ്‍ മാസത്തില്‍ ശരാശരി 11,000 ആളുകള്‍ക്കായിരുന്നു അമേരിക്കയില്‍ രോഗം ബാധിച്ചിരുന്നത്.
കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് അമേരിക്കയില്‍ ആശങ്കയായി വ്യാപിക്കുന്നത്. 9 മാസത്തിന് ശേഷമാണ് അമേരിക്കയില്‍ പ്രതിദിനം രോഗം ബാധിക്കുന്നവരുടെ ശരാശരി എണ്ണം 1 ലക്ഷം കടക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അമേരിക്കയില്‍ പ്രതിദിന രോഗികളുടെ ശരാശരി അവസാനമായി എണ്ണം ആറക്കം കടന്നത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ഇത് 2.50,000 വരെ എത്തിയിരുന്നു.
18 വയസിന് മുകളില്‍ പ്രായമായ 70 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിട്ടും രോഗ വ്യാപനം രൂക്ഷമായി തുടരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി മരണം 270 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് 500ന് അടുത്തെത്തിയെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
ആരോഗ്യപാസിനെതിര ഫ്രാന്‍സില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി
അന്‍പതുപേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ ആയിരക്കണക്കിനുപേര്‍ ശനിയാഴ്ച തെരുവിലിറങ്ങി.
കഫേ, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇരുന്നുള്ള ഭക്ഷണം, പൊതുഗതാഗതം തുടങ്ങിയവയ്ക്ക് കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന ആരോഗ്യ പാസ് ഹാജരാക്കണമെന്ന പുതിയ നിയമം നടപ്പിലാക്കാനിരിക്കെയാണ് ജനങ്ങള്‍ പ്രതിഷേധവുമായെത്തിയത്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സര്‍ക്കാര്‍ കടന്നുകയറുകയാണെന്നാരോപിച്ച് ജനങ്ങള്‍ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ രേഖ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്,പതിനഞ്ചു ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാല്‍ മാത്രമേ ആള്‍ക്കൂട്ടമുള്ള പ്രദേശങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വാക്‌സിനെടുപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.സിനിമാ തീയറ്ററുകള്‍, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശനത്തിന് ജൂലായ് 21 മുതല്‍ത്തന്നെ ഫ്രാന്‍സില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാണ്.സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറ്റലിയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.