FeaturedHealthNews

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; സുരക്ഷാനടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ കര്‍ക്കശമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ആരംഭിച്ച കൊവിഡ് വാക്സിനേഷന്‍ പ്രക്രിയയുമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് വൈറസ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികളും ഉള്‍പ്പെടെ ഇതുവരെ 1.07 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 6,112 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായാണ് കണക്ക്. മഹാരാഷ്ട്രയ്ക്ക് സമാനമായി കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ ദിനംപ്രതി റിപോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനയാണ് പഞ്ചാബിലും കാണിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 383 പുതിയ വൈറസ് കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തത്. സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതില്‍ മഹാരാഷ്ട്രയിലുണ്ടാവുന്ന വിമുഖതയാണ് കേസുകള്‍ ഉയരാനുള്ള കാരണം.

പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകള്‍ ഓടാന്‍ ആരംഭിച്ചത് മുതലാണ് കേസുകള്‍ ഉയരാന്‍ തുടങ്ങിയത്. മഹാരാഷ്ട്ര സംസ്ഥാനത്ത് മുംബൈയിലും അമരാവതി, യവത്മാല്‍ ജില്ലകളിലും വ്യാഴാഴ്ച കര്‍ശന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഹോം ക്വാറന്റൈന്‍, വിവാഹങ്ങള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവയില്‍ നിയമം ലംഘിക്കുന്ന പൗരന്‍മാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇക്ബാല്‍ സിങ് ചഹാല്‍ പറഞ്ഞു. സബര്‍ബന്‍ റെയില്‍വേയില്‍ മാസ്‌കില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ 300 മാര്‍ഷലുകളെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിദിനം 25,000 കുറ്റക്കാരെ പിടികൂടുകയാണ് ലക്ഷ്യം.

2021 ഫെബ്രുവരി 13 മുതല്‍ മധ്യപ്രദേശും ദിനംപ്രതി പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ദിവസേന 297 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏഴുദിവസമായി, ഛത്തീസ്ഗഢിലും പ്രതിദിനം സജീവമായ പുതിയ കേസുകളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 259 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ക്കശമാക്കുന്നതുവഴി വൈറസ് പടരുന്നതിന്റെ ശൃംഖല തകര്‍ക്കാന്‍ കഴിയുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button