ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 418 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 5,66,840 പേര്‍ക്കാണ്. 3,34,822 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
16,893 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്. ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 86,08,654 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,10,292 സാമ്പിളുകളാണ് പരിശോധിച്ചത്.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 1,69,883 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 88,960 പേര്‍ രോഗമുക്തി നേടി. നിലവില്‍ 73,313 പേരാണ് ചികിത്സയിലുള്ളത്. 7,610 പേരാണ് കൊറോണ വൈറസ് ബാധ മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ 86,224 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47,749 പേര്‍ രോഗമുക്തി നേടി. 37,334 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യ തലസ്ഥാനമായ ഡല്‍ഹയിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 85,161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,680 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത്.