കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയ്ക്ക് കൊവിഡില്ല. അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് ഇന്ന് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമായത്. മെയ് 24 നാണ് ഷംസുദ്ദീന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. സംസ്‌കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അതേസമയം, എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരില്‍ 676 പേരുടെ ഫലം നെഗറ്റീവായി. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇനി മൂന്നുപേരുടെ ഫലം കൂടിയാണ് ലഭിക്കാനുള്ളത്.
കൊവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പൊന്നാനിയില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയ മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ മൂന്നു പേര്‍ക്കാണ് രോഗബാധയുണ്ടായത്. ജില്ലയില്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച താനൂര്‍ നാഗസഭാ പരിധിയിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പൊന്നാനി താലൂക്കില്‍ ഏതാനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. റേഷന്‍ വിതരണത്തിനായി റേഷന്‍ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ജില്ലയിലിതുവരെ 607 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.