കോവിഡ് മരണ സംഖ്യ 145000 പിന്നിട്ടു,അമേരിക്കയിൽ മരണം മുപ്പത്തിമൂവായിരം കവിഞ്ഞു
ന്യൂയോർക്ക്: ആഗോള തലത്തിൽ കോവിഡ് മരണ സംഖ്യ 145000 പിന്നിട്ടു. അമേരിക്കയിൽ മരണം മുപ്പത്തിമൂവായിരം കടന്നു. സ്പെയിനിൽ മരണം പത്തൊമ്പതായിരം കടന്നു. ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ, കൊവിഡ് പ്രതിരോധത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയെ പുറത്താക്കി. മെയ് മൂന്ന് വരെ പോളണ്ടിന്‍റെ അതിർത്തികൾ അടച്ചിടുമെന്ന് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി പറഞ്ഞു.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. അമേരിക്കയിൽ കോവിഡ് പ്രതിസന്ധിയുടെ ഏറ്റവും മോശം അവസ്ഥ പിന്നിട്ടിതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കാനുള്ള പുതിയ മാർഗരേഖ പ്രസിഡന്‍റ് പ്രഖ്യാപിച്ചു.
നിലവിലെ കണക്കുകൾ കുറയുന്നതായി സംസ്ഥാന ഗവർണർമാരും അഭിപ്രായപ്പെട്ടു. ബ്രിട്ടണിൽ ലോക്ക് ഡൗണ്‍ അടുത്ത മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്നലെ വീണ്ടും മരണ നിരക്ക് കൂടിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാൻ തീരുമാനിച്ചത്.